Thursday, November 17, 2011

ജയിക്കാനായി ജനിച്ച ജയന്‍.


1980 നവംബര്‍ 16ന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഹൌസ് ഫുള്‍ ബോര്‍ഡ് വെച്ച് ഒരു സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. 'ദീപം' എന്ന ആ ചിത്രത്തിലെ നായകന്‍ വെളുത്ത ട്രൌസറും ടീ ഷര്‍ട്ടും ധരിച്ച് അസാമാന്യമായ പാടവത്തോടെ കുതിരപ്പുറത്തിരുന്ന് പോളോ കളിക്കുന്നു. തിയറ്ററുകളില്‍ നായകന്‍ ആരവവും ആവേശവും വിതറി സിനിമയെ മുന്നോട്ടു നയിക്കുന്നതിനിടയില്‍ സ്ക്രീനില്‍ കറുപ്പിലും വെളുപ്പിലും എഴുതിക്കാണിച്ച ഒരു സ്ലൈഡ് തിയറ്ററുകളെ നിശബ്ദമാക്കി. പ്രൊജക്ടര്‍ ചലനം മറന്നു കറങ്ങിനിന്നു.
കറുപ്പിലും വെളുപ്പിലും ആ അക്ഷരങ്ങള്‍ ലോകത്തോട് പറഞ്ഞു:
''മലയാള ചലച്ചിത്ര താരം ജയന്‍ തമിഴ്നാട്ടില്‍ ഷൂട്ടിംഗിനിടയില്‍ കൊല്ലപ്പെട്ടു!''
തങ്ങള്‍ ആവേശത്തോടെ കണ്ടുകൊണ്ടിരുന്ന സിനിമയിലെ നായകന്‍ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ ജനം വാവിട്ടുനിലവിളിച്ചു. സിനിമ പാതിയില്‍ നിര്‍ത്തി അവര്‍ തെരുവിലേക്കിറങ്ങി. ഇന്റര്‍നെറ്റും ഈ മെയിലും ടെലിവിഷന്‍ ചാനലുകളുമൊന്നുമില്ലാത്ത ആ കാലത്ത് അവര്‍ ആകാശവാണി വാര്‍ത്തകള്‍ക്കായി റേഡിയോയുടെ മുന്നില്‍ തളംകെട്ടി നിന്നു.
ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിച്ചു.
തമിഴ്നാട്ടിലെ ഷോളാവാരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയില്‍ ഹെലികോപ്ടറില്‍നിന്ന് വീണ് ജയന്‍ മരിച്ചു.
കാറോട്ട മല്‍സരത്തിന് പേരുകേട്ട ഷോളാവാരത്ത് എരിഞ്ഞടങ്ങിയത് മലയാളികള്‍ ഒരു കാലത്ത് നെഞ്ചേറ്റിയ ആവേശമായിരുന്നു. മലയാളികള്‍ക്ക് അത്രമേല്‍ പകരം വെക്കാനില്ലാത്ത പേരായിരുന്നു ജയന്‍.
മുപ്പത്തിയൊന്ന് വര്‍ഷം മുമ്പ് മലയാള സിനിമയില്‍ പൌരുഷമെന്നാല്‍ ജയന്‍ എന്നായിരുന്നു അര്‍ഥം. ചെയ്യുന്ന തൊഴിലിലെ പൂര്‍ണതയെ അതിരറ്റ് സ്നേഹിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, മലയാളത്തിന്റെ വെള്ളിത്തിരയില്‍ അയാള്‍ ഇന്നും ഉണ്ടാകുമായിരുന്നു. ഏതെങ്കിലും വൃദ്ധ വേഷങ്ങളിലോ ജഡ്ജിയുടെയോ പാതിരിയുടെയോ റിട്ടയേര്‍ഡ് പട്ടാളക്കാരന്റെയോ വേഷത്തില്‍.
ഒരുപക്ഷേ, ജയന്‍ ആ വയോവേഷങ്ങളെ ഒരിക്കലും ഇഷ്ടപ്പെട്ടിരിക്കാന്‍ ഇടയില്ല. 'പിക് പോക്കറ്റില്‍' പ്രംനസീറിന്റെ അച്ഛന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നത് മറക്കുന്നില്ല. പക്ഷേ, ആ വേഷങ്ങളില്‍ ജയന്‍ അത്രയൊന്നും തിളങ്ങിയതുമില്ല.  എന്നും ചെറുപ്പമായിരിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ക്കിടയില്‍ ജയന്‍ നിത്യയൌവനത്തോടെ നില്‍ക്കുന്നതും അതുകൊണ്ടായിരിക്കാം. പകരം സ്വന്തം ജീവിതം ബലിയായി നല്‍കിക്കൊണ്ടായിരുന്നു എന്ന് മാത്രം. ജയന്‍ എന്നും ജയിക്കാനായി ജനിച്ചവനായിരുന്നു. കാലത്തെ ജയിച്ച് അയാള്‍ ഇപ്പോഴും ജീവിക്കുന്നു.
ആവേശവും സാഹസികതയും ജയന്റെ രക്തത്തില്‍ കലര്‍ന്നതായിരുന്നു. പതിനഞ്ചു വര്‍ഷം നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നുവല്ലോ ജയന്‍. സ്കൂളില്‍ പഠിക്കുന്ന കാലത്തേ ജയനില്‍ സാഹസികത കൂട്ടുകാരനായുണ്ടായിരുന്നു.
1939 ജൂലൈ 29ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ്  മാധവവിലാസം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഓലയില്‍ ഭാരതിയമ്മയുടെയും മകനായി ജയന്‍ എന്ന കൃഷ്ണന്‍ നായര്‍ ജനിച്ചത്. വീടിനടുത്തുള്ള മലയാളി മന്ദിരം സ്കൂളില്‍ പഠിക്കുന്ന കാലത്തേ ജയന്‍ കലയിലും കായിക രംഗത്തും തല്‍പരനായിരുന്നു. ട്ടില്‍ ചെറുപ്പത്തിലേ കാണിച്ച താല്‍പര്യം പില്‍ക്കാലത്ത് സിനിമയിലെ പാട്ടുരംഗങ്ങളെ അനായാസമാക്കാന്‍ ജയനെ സഹായിച്ചിരുന്നിരിക്കണം.
സ്കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന്‍ അതുവഴി നേരിട്ട് നേവിയില്‍ എത്തുകയായിരുന്നു. 15 വര്‍ഷത്തെ നേവി ജീവിതത്തിനുശേഷം പെറ്റി ഓഫീസറായി സ്വയം വിരമിച്ച് ജയന്‍ കലയുടെ വഴി തെരഞ്ഞെടുത്തു.
നടി ജയഭാരതിയുടെ ബന്ധു എന്ന മേല്‍വിലാസവുമായി അഭിനയ ഭ്രാന്ത് മൂത്ത് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തവെച്ച ജയന് ആശിച്ച തുടക്കമായിരുന്നില്ല കിട്ടിയത്. 1974ല്‍ പുറത്തിറങ്ങിയ 'ശാപമോക്ഷം' എന്ന സിനിമയിലെ ചെറിയ വേഷത്തില്‍ തുടക്കമായി.
കൃഷ്ണന്‍ നായര്‍ എന്ന പേര് സിനിമയ്ക്കിണങ്ങാത്തതാണെന്നും ജയന്‍ എന്നാക്കണമെന്നും നിര്‍ദേശിച്ചത് മലയാളത്തിലെ എക്കാലത്തെയും പേരുകേട്ട വില്ലന്‍ നടന്‍ ആയ ജോസ് പ്രകാശ് ആയിരുന്നു. തുടക്കത്തില്‍ കിട്ടിയ വേഷങ്ങളെല്ലാം വില്ലന്‍ ചുവയുള്ളതുമായിരുന്നു. പക്ഷേ, വേഷങ്ങളുടെ വലുപ്പ ചെറുപ്പത്തിനപ്പുറം തന്റെ ജോലിയോടുള്ള ആത്മാര്‍ഥതയില്‍ തന്നെ മറികടക്കാന്‍ ആരെയും അയാള്‍ അനുവദിച്ചിരുന്നില്ല.
സഹനടനും മുഴുനീള വില്ലന്‍വേഷങ്ങളുമൊക്കെയായി ജയന്‍ അഭിനയം തുടരുന്നതിനിടയില്‍ സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍നിന്ന് കളറിലേക്കും സിനിമാ സ്കോപ്പിലേക്കുമൊക്കെ വളര്‍ന്നു മുന്നേറിയിരുന്നു.
ഹരിഹരന്‍ സംവിധാനം ചെയ്ത 'ശരപഞ്ജര'മാണ് ജയന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുത്ത സ്വന്തം ശരീരത്തിന്റെയും ഗാംഭീര്യമാര്‍ന്ന ശബ്ദത്തിന്റെയും സാധ്യതകളെ ആ സിനിമ തൊട്ട് മലയാള സിനിമ പ്രയോജനപ്പെടുത്തി തുടങ്ങി. ഒരു സൂപ്പര്‍ താരത്തിന്റെ പിറവിയായിരുന്നു അത്.
പിന്നീട് മലയാള സിനിമ ജയനു ചുറ്റും വലം വെക്കുന്ന കാഴ്ചയാണ് കണ്ടത്. അയാളുടെ ശരീരഭാഷയ്ക്കും ആകാരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ക്കായി തിരക്കഥാകൃത്തുക്കള്‍ വട്ടംകൂടിയിരുന്നു. പലതും സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളായിരുന്നെങ്കിലും ഒട്ടുമിക്കതും സൂപ്പര്‍ ഹിറ്റുകളായി.
വെറും ആറ് വര്‍ഷംകൊണ്ട് ഒരു തമിഴ് സിനിമയടക്കം 116 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു എന്ന റെക്കോര്‍ഡ് മതി ആ നടന്‍ മലയാള സിനിമയില്‍ എന്തായിരുന്നു എന്നറിയാന്‍. അന്നത്തെ സൂപ്പര്‍ താരമായിരുന്ന പ്രേംനസീറിനൊപ്പം എത്രയോ ചിത്രങ്ങളില്‍ ജയന്‍ തുല്ല്യ റോളില്‍ അഭിനയിച്ചിരുന്നു. പലതിലും നസീറിന്റെ അനിയന്‍ വേഷത്തിലായിരുന്നു. ചെറുപ്പത്തില്‍ വേര്‍പിരിയുന്ന സഹോദരങ്ങള്‍ മുതിര്‍ന്ന ശേഷം കണ്ടുമുട്ടുന്ന കഥകള്‍ നസീറിനും ജയനുമായി പലവട്ടം ആവര്‍ത്തിച്ചു. ലൌ ഇന്‍ സിംഗപ്പൂര്‍, ചന്ദ്രഹാസം, അന്തപ്പുരം, സഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.
ഇത്തിക്കരപ്പക്കി, വെള്ളായണി പരമു, ഇരുമ്പഴികള്‍, കടത്തനാട്ട് മാക്കം, തച്ചോളി അമ്പു, മാമാങ്കം, ലിസ, കരിപുരണ്ട ജീവിതങ്ങള്‍, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നസീര്‍ ^ ജയന്‍ കൂട്ടുകെട്ട് വിജയക്കൊടി പാറിച്ചു.
ഒരു റൊമാന്റിക് ഹീറോയുടെ മുഖച്ഛായയായിരുന്നില്ല ജയന്റേത്. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന പദവി ജയന് സ്വന്തമായി. സാധാരണക്കാരായ കഥാപാത്രങ്ങളെ അസാധാരണ മികവോടെ ജയന്‍ അവതരിപ്പിച്ച നിരവധി ചിത്രങ്ങള്‍ അക്കാലത്ത് വന്‍ഹിറ്റുകളായി. കരിമ്പന, കഴുകന്‍, അങ്ങാടി, മീന്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയം തമിഴില്‍ രജനീകാന്ത് അവതരിപ്പിച്ച lay men കഥാപാത്രങ്ങള്‍ക്ക് സമാനമായിരുന്നു.
1980 നവംബര്‍ 16ലെ പകല്‍.
ഷോളാവാരത്തെ കാര്‍ റേസ് ട്രാക്കില്‍ വിജയാനന്ദ് സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുന്നു. എത്രയും വേഗം ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് അടുത്ത പടത്തിന്റെ സെറ്റിലേക്ക് പായാനുള്ള ഒരുക്കത്തിലുമാണ് ജയന്‍. അയാളെ കാത്ത് കാറ് കിടപ്പുണ്ട്.
മധുവിന്റെയും കെ.ആര്‍. വിജയയുടെയും മക്കളായി ജയനും സുകുമാരനും സോമനുമാണ്  ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.  ഹെലികോപ്ടറില്‍ രക്ഷപ്പൊന്‍ ശ്രമിക്കുന്ന വില്ലനായ ബാലന്‍ കെ. നായരെ സുകുമാരന്‍ ഓടിച്ച ബൈക്കിന്റെ പിന്നില്‍ കയറിനിന്ന് പിന്തുടരുന്ന ജയന്‍ ഹെലികോപ്ടറില്‍ തൂങ്ങിക്കയറുന്ന ക്ലൈമാക്സാണ് ചിത്രീകരിക്കുന്നത്. ഡ്യൂപ്പിനെ വെച്ച് അഭിനയിക്കാമായിരുന്നിട്ടും ജയന്‍ അതിനു തയാറായില്ല. ഒരു സിനിമയിലും അയാള്‍ അത് ചെയ്തിട്ടില്ല.
നിശ്ചയിച്ച പ്രകാരം എല്ലാം ഭംഗിയായി നടന്നു. ആദ്യ ടേക്കില്‍തന്നെ ക്ലൈമാക്സ് ഒ.കെ.
പക്ഷേ, ജയന് മാത്രം തൃപ്തി പോര.
വീണ്ടുമൊരിക്കല്‍ കൂടി എടുക്കണമെന്ന് ജയന്‍ ആവശ്യപ്പെട്ടു. പൂര്‍ണതയ്ക്ക് വേണ്ടിയുള്ള ജയന്റെ ഒടുങ്ങാത്ത അഭിലാഷമായിരുന്നു അതിന് കാരണം.
പക്ഷേ, അടുത്ത ശ്രമത്തില്‍ നിയന്ത്രണം വിട്ട ഹെലികോപ്ടര്‍ നിലത്തുവന്നിടിച്ചു. ബാലന്‍ കെ. നായര്‍ ആടിയുലഞ്ഞ ഹെലികോപ്ടറില്‍നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ജയന്റെ തല നിലത്തിടിച്ചു. ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ജയന്‍ ചാടി എഴുന്നേറ്റു. പക്ഷേ, തലയ്ക്കേറ്റ ക്ഷതം മാരകമായിരുന്നു. അല്‍പം കഴിയും മുമ്പ് ആ മരണം ലോകം സ്ഥിരീകരിച്ചു. 41ാമത്തെ വയസ്സില്‍ തേടിപ്പിടിച്ച മരണം.
ജയനെ നായകനാക്കാന്‍ നിരവധി ചിത്രങ്ങള്‍ കരാറൊപ്പിട്ടിരിക്കെയായിരുന്നു മരണം കടന്നുവന്നത്. ജയനുപകരം വെക്കാന്‍ മറ്റൊരാളില്ലാത്തതിനാല്‍ ഇന്നും ആ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നു.
സ്റ്റണ്ട് സീനുകളില്‍ ബലം പിടിക്കുമ്പോള്‍ ജയനുമായി സാമ്യമുണ്ട് എന്ന ഒറ്റക്കാരണത്താല്‍ 'ഭീമന്‍' എന്ന ചിത്രത്തില്‍ രഘുവിനെ നായകനാക്കി നോക്കിയെങ്കിലും ഭീമന്‍ രഘു എന്ന പേര് മാത്രം ബാക്കിയാക്കി ആ പരീക്ഷണവും അവസാനിച്ചു.
മലയാള സിനിമയെ ജയനു മുമ്പും പിമ്പും എന്ന് രണ്ടായി തിരിക്കാം.
ജയന്റെ മരണത്തിനുശേഷമാണ് മലയാള സിനിമയിലേക്ക് രതീഷ്, മോഹന്‍ലാല്‍, ശങ്കര്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ കടന്നുവരുന്നത്. സിനിമയുടെ സ്വഭാവത്തിലും പ്രമേയത്തിലുമൊക്കെ കാതലായ മാറ്റം വന്നു തുടങ്ങിയതും ഇവിടം മുതലാണ്.
മലയാളത്തിലെ ഇന്നത്തെ മുന്‍നിര നായകന്മാരില്‍ മോഹന്‍ലാലിനു മാത്രമാണ് ജയനൊപ്പം അഭിനയിക്കാന്‍ അവസരമുണ്ടായത്. ബോബന്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത സഞ്ചാരി എന്ന സിനിമയില്‍ ലാല്‍ വില്ലനായിരുന്നു. ജയന്‍ നായക വേഷത്തിലും.
ഇന്ന് ജയന്‍ മിമിക്രിക്കാരിലൂടെ പുനരവതരിപ്പിക്കപ്പെടുന്ന ഒരു കോമാളി കഥാപാത്രമാണ്. പക്ഷേ, ജയന്‍ മരിച്ചപ്പോള്‍ ആ ചിതയിലെ ചാരം പോലും ശേഷക്രിയയ്ക്കായി ബാക്കിവെക്കാതെ വാരിക്കൊണ്ടുപോയ ആരാധകരുണ്ടായിരുന്നു എന്നോര്‍ക്കുമ്പോഴാണ് കാലത്തിന്റെ ഒരു വികൃതി അംഗീകരിച്ചുപോകുന്നത്.
പ്രേംനസീറും മധുവുമൊക്കെ മിമിക്രിയിലൂടെ കോമാളികളായി മാറിയിട്ടുണ്ട്. അവരൊക്കെ സിനിമയില്‍നിന്ന് അപ്രത്യക്ഷരാവുകയോ സജീവമല്ലാതെ ആവുകയോ ചെയ്തപ്പോള്‍ കോമാളികളായവരാണ്. സജീവമായി സിനിമയില്‍ നില്‍ക്കെ കോമാളിയായി മിമിക്രിക്കാര്‍ അവതരിപ്പിച്ച ഒരു നടന്‍ ഒരുപക്ഷേ, സുരേഷ് ഗോപി മാത്രമായിരിക്കണം. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ കോമാളികളായി അവതരിപ്പിക്കപ്പെടാന്‍ അധികം കാലത്തിന്റെ ആവശ്യമില്ല എന്ന സൂചന കൂടിയാണിത്.....   കെ.എ. സൈഫുദ്ദീന്‍

No comments:

Post a Comment